മണിപ്പൂര്‍ സംഘര്‍ഷം; പ്രധാനമന്ത്രിക്ക് കത്തെഴുതി നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ക്രിസ്ത്യൻ കൗണ്‍സില്‍
പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലാണ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്

ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍. ആക്രമണങ്ങളും സംഘര്‍ഷങ്ങളും നാളുകളായി തുടരുന്നത് സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ക്ക് നാണക്കേടാണെന്ന് ക്രിസ്ത്യന്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുന്നു. വടക്കു കിഴക്കന്‍ ഇന്ത്യയിലെ 55 ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന സംവിധാനമാണ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍. മണിപ്പൂരില്‍ കുക്കി, മെയ്‌തെയ് വിഭാഗങ്ങളുടെ ചരിത്രപരമായ സഹവര്‍ത്തിത്വത്തിന് ഊന്നല്‍ നല്‍കണമെന്നും ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലാണ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പള്ളികളും കെട്ടിടങ്ങളും ഉള്‍പ്പടെയുള്ള ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതും ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഇത് മതസ്വാതന്ത്ര്യത്തില്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന ആശങ്കയും കൗണ്‍സില്‍ പങ്കുവച്ചിട്ടുണ്ട്. ജനങ്ങളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിനായി വിന്യസിച്ചിരിക്കുന്ന സുരക്ഷാ വിഭാഗത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും കൗണ്‍സില്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
‘സംഘര്‍ത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കിടിയിലെ അനുരഞ്ജനമാണ് അടിയന്തിരമായി വേണ്ടത്. നൂറുകണക്കിന് വര്‍ഷങ്ങളായി വൈരുദ്ധ്യങ്ങളോടെ ഒരുമിച്ച് ജീവിക്കുന്ന വിഭാഗങ്ങളെ അ്രക്രമത്തിലേക്ക് നീങ്ങാതെ ഒരുമിപ്പിക്കാനുള്ള സമാധാന നടപടികള്‍ കൈകൊള്ളാന്‍ എത്രയും വേഗം ഇടപെടണമെന്ന് താങ്കളുടെ ഓഫീസിനോട് അഭ്യര്‍ത്ഥിക്കുന്നു. ദുരിതാശ്വാസവും പുന:രധിവാസവും ഏറ്റെടുക്കുക ആക്രമണ സംഭവങ്ങളെ തുടര്‍ന്ന് ആളുകളുടെ മനസ്സില്‍ രൂപപ്പെട്ട ഭയവും അവിശ്വാസവും മാറ്റുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്’; പ്രധാനമന്ത്രിക്കുള്ള കത്തില്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ വ്യക്തമാക്കി. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ റമെംഗ്ലിയാന പ്രസിഡന്റ് റവ. ആര്‍ ലാല്‍നുന്‍സിറ എന്നിവരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
മെയ് മൂന്നിന് ശേഷം മണിപ്പൂരില്‍ വ്യത്യസ്ത ഇടങ്ങളിലായി കുക്കികളും മെയ്തികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 60,000ത്തോളം പേര്‍ കുടിയിറക്കപ്പെടുകയും 140 ആളുകളോളം കൊല്ലപ്പെടുകയും ചെയ്തു. തങ്ങള്‍ക്കും പട്ടിവവര്‍ഗ്ഗ സംവരണം ആവശ്യപ്പെട്ടുള്ള ഭൂരിപക്ഷ വിഭാഗമായ മെയ്‌തെയ് വിഭാഗം രംഗത്ത് വന്നതാണ് മണിപ്പൂരില്‍ കലാപത്തിന് തിരികൊളുത്തിയത്. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. ഏതാണ്ട് 40,000 സുരക്ഷാ ഭടന്മാരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.