മുതലപ്പൊഴി പ്രതിഷേധം; ഫാ. യൂജിൻ പെരേരക്ക് എതിരെ കലാപാഹ്വാനത്തിന് കേസ്
മന്ത്രിമാരെ തടഞ്ഞതിൻെറ പേരിൽ അഞ്ചുതെങ്ങ് പൊലീസാണ് കേസ് എടുത്തത്. ഐ.പി.സി 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: ലത്തീൻ അതിരൂപതാ വികാർ ജനറൽ യുജിൻ എച്ച് പെരേരക്ക് എതിരെ കലാപാഹ്വാനത്തിന് കേസ് എടുത്തു. മന്ത്രിമാരെ തടഞ്ഞതിൻെറ പേരിൽ അഞ്ചുതെങ്ങ് പൊലീസാണ് കേസ് എടുത്തത്. ഐ.പി.സി 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ എടുത്ത കേസിൽ യൂജിൻ പെരേരയെ മാത്രമാണ് പ്രതിചേർത്തിരിക്കുന്നത്.
യൂജിൻ പെരേര വന്ന ഉടൻ മന്ത്രിമാരുടെ വാഹനം തടയാൻ നാട്ടുകാരോട് ആഹ്വാനം ചെയ്തതെന്നും കലാപ ആഹ്വാനമാണ് യൂജിൻ പെരേര നടത്തിയതെന്നും മന്ത്രി വി ശിവൻകുട്ടി ആരോപിച്ചിരുന്നു.
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരെ നാട്ടുകാർ തടഞ്ഞിരുന്നു. പുലർച്ചെ നാലു മണിയോടെയാണ് മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായത്. ഇതിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയുമാണ്. അപകടങ്ങൾ പതിവായ മുതലപ്പൊഴിയിൽ ഒരാഴ്ചക്കിടയിലുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. മുതലപ്പൊഴി ഭാഗത്ത് തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ശാശ്വത പരിഹാരം ആവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പുലിമുട്ട് നിർമ്മാണത്തിൽ അപാകതയുണ്ട്. അത് പരിഹരിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.
പരലോകമാത എന്ന ബോട്ടാണ് ശക്തമായ തിരയിൽ അപകടത്തിൽപെട്ടത്. നാല് പേരായിരുന്നു വള്ളത്തിൽ ഉണ്ടായായിരുന്നത്. കാണാതായ നാല് പേരിൽ ഒരാളുടെ മൃതദേഹം മൂന്ന് മണിക്കൂറിനകം കിട്ടി. പുതുക്കുറിച്ചി സ്വദേശിയായ കുഞ്ഞുമോന്റെ മൃതദേഹമാണ് കണ്ടെത്താനായത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.
അപകടത്തിൽ ഈ വർഷം ആദ്യമായാണ് മരണം സംഭവിക്കുന്നത്. ബിജു എന്നു പേരുള്ള രണ്ട് പേർ, മാന്റസ് എന്നു വിളിക്കുന്ന റോബിന്‍ എന്നിവര്‍ക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. കോസ്റ്റൽ പൊലീസും, മറൈൻ എൻഫോഴ്‌സ്‌മെന്റും തെരച്ചിൽ നടത്താൻ വൈകിയെന്ന് ആക്ഷേപമുണ്ട്. ജൂണ്‍ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് പ്രദേശത്ത് അപകടങ്ങൾ ഏറെയും നടക്കുന്നത്. പുലിമുട്ട് നിർമ്മാണത്തിലെ അപാകത പരിഹരിക്കാതെ ഈ അപകടങ്ങൾ ഒഴിയില്ലെന്ന് ആവർത്തിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.