മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവർക്ക് നേരെയുള്ള ആസൂത്രിത ഗൂഢാലോചന; കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ്
ജനങ്ങളെ സംരക്ഷിക്കുവാൻ ഉത്തരവാദിത്തമുള്ള കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇവിടെ നിസംഗത പാലിക്കുന്നതും കടുത്ത മൗനം പാലിക്കുന്നതും ഏറ്റവും പ്രതിഷേധാർഹമാണെന്നും മാർ ജോസ് പുളിക്കൻ അഭിപ്രായപ്പെട്ടു.

കാഞ്ഞിരപ്പള്ളി: മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവർക്ക് നേരെയുള്ള ആസൂത്രിത ഗൂഢാലോചനയെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ ജോസ് പുളിക്കൽ. സമാധാനം സ്ഥാപിക്കേണ്ട കേന്ദ്രസർക്കാർ തികഞ്ഞ അലംഭാവം പുലർത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ക്രൈസ്തവ സഹോദരങ്ങളെ ഒറ്റപ്പെടുത്തി കൊണ്ട് ഇല്ലായ്മ ചെയ്യുവാനുള്ള ആസൂത്രിത ശ്രമമാണ് മണിപ്പൂരിൽ നടക്കുന്നത്. ശക്തമായ നിലപാടെടുത്ത് അവരെ രക്ഷിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്യണ്ട കേന്ദ്ര സർക്കാർ തികഞ്ഞ അലംഭാവം പുലർത്തുകയാണ്. ജനങ്ങളെ സംരക്ഷിക്കുവാൻ ഉത്തരവാദിത്തമുള്ള കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇവിടെ നിസംഗത പാലിക്കുന്നതും കടുത്ത മൗനം പാലിക്കുന്നതും ഏറ്റവും പ്രതിഷേധാർഹമാണെന്നും മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു.
അതേസമയം, ഇന്ന് മണിപ്പൂരിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലും ഇംഫാൽ വെസ്റ്റിലുമുണ്ടായ വെടിവെപ്പിലാണ് ഇവർ കൊല്ലപ്പെട്ടത്. മൂന്നു പേരും മെയ്തെയ് വിഭാഗത്തിൽ പെട്ടവരാണ്. ആക്രമിച്ചത് കുക്കികളാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ബിഷ്ണുപൂരിൽ കൊല്ലപ്പെട്ടത് ഗ്രാമത്തിന് കാവൽ നിന്നവരെന്നാണ് റിപ്പോർട്ട്.
മണിപ്പൂരിലെ കലാപങ്ങൾക്ക് പിന്നിൽ ആരാണെന്ന് ലോകത്തിന് അറിയാമെന്ന് മുഖ്യമന്ത്രി ബീരേൻ സിംഗ്. സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രതികരണം. അവർ വിതച്ചതിന്റെ ഫലമാണ് നമ്മളിപ്പോൾ കൊയ്യുന്നത് കോൺഗ്രസിനെ ഉന്നം വച്ച് ബീരേൻ സിംഗ് പറഞ്ഞു. കൃത്യമായി ആസൂത്രണം ചെയ്ത രാഷ്ട്രീയനീക്കമാണ് മണിപ്പൂരിലെ കലാപങ്ങൾക്ക് പിന്നിലെന്നാണ് ബീരേൻ സിംഗിന്റെ ആരോപണം. ശരിയായ സമയത്ത് പ്രശ്നം പരിഹരിക്കാൻ പ്രതിപക്ഷ പാർട്ടികൾ തയ്യാറായിരുന്നില്ല. സംസ്ഥാനത്തെ ജനങ്ങൾ വിഭജിക്കപ്പെടുന്നതിനെ ജീവൻ കൊടുത്തും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.