വാജ്‌പേയിയുടെ ‘രാജധർമ്മ’ ഉപദേശം മറന്നോ; പ്രധാനമന്ത്രിയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്
79 ദിവസത്തെ നിശബ്ദതയ്ക്ക് ശേഷം പ്രധാന മന്ത്രി പ്രതികരിച്ചു. പക്ഷേ, അത് തികച്ചും നിരാശാജനകമാണെന്നും ശശി പഞ്ച കുറ്റപ്പെടുത്തി

ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ ശശി പഞ്ച. ഗുജറാത്ത് കലാപത്തിന് ശേഷം നരേന്ദ്ര മോദിയ്ക്ക് മുന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്‌പേയി നല്‍കിയ ‘രാജധർമ്മ’ ഉപദേശത്തെ പരാമര്‍ശിച്ചുക്കൊണ്ടായിരുന്നു വിമര്‍ശനം. വാജ്‌പേയി നല്‍കിയ രാജധര്‍മ്മ ഉപദേശം മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് നല്‍കിയില്ലേ എന്നായിരുന്നു ശശി പഞ്ചയുടെ ചോദ്യം. മണിപ്പൂര്‍ സംഘര്‍ഷത്തെ കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശശി പഞ്ച.
‘മണിപ്പൂര്‍ കലാപത്തിന് ഉത്തരവാദി ആരാണ്? മുന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയ്ക്ക് രാജധര്‍മ്മം പാലിക്കണമെന്ന് ഉപദേശം നൽകിയിരുന്നു. മണിപ്പൂരിലെ മുഖ്യമന്ത്രിക്ക് ഈ ഉപദേശം മോദി നൽകിയിരുന്നോ? ‘, ശശി പഞ്ച ചോദിച്ചു.
മണിപ്പൂര്‍ കലാപത്തില്‍ മോദി മൗനം പാലിക്കുകയാണ്, 79 ദിവസത്തെ നിശബ്ദതയ്ക്ക് ശേഷം പ്രധാന മന്ത്രി പ്രതികരിച്ചു. പക്ഷേ, അത് തികച്ചും നിരാശാജനകമാണെന്നും അവര്‍ കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയം സംസാരിക്കണം. ഇതിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുത്ത് പരിഹരിക്കണം, ഇല്ലെങ്കില്‍ രാജിവെക്കണമെന്നും ശശി പഞ്ച ആവശ്യപ്പെട്ടു.
2002 ഏപ്രിൽ നാലിനാണ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയി ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന വാർത്താസമ്മേളനത്തിൽ രാജധർമ്മ പരാമർശം നടത്തിയത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദി. ‘മുഖ്യമന്ത്രിയോട് എനിക്ക് ഒന്നേ പറയാനുള്ളു, അദ്ദേഹം രാജധർമ്മം പാലിക്കണം. രാജധർമ്മം എന്ന വാക്ക് ശരിക്കും അർത്ഥഗർഭമാണ്. ഞാൻ അതാണ് പിന്തുടരുന്നത്, പിന്തുടരാൻ ശ്രമിക്കുന്നത്. ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം ഭരിക്കപ്പെടുന്നവരുടെ കാര്യത്തിൽ ഒരു തരത്തിലുള്ള വിവേചനവും പാടില്ല. പിറവിയുടെയോ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തിലുള്ള ഒരു വിവേചനവും പാടില്ല’ എന്നായിരുന്നു നരേന്ദ്ര മോദിയ്ക്ക് വാജ്പേയി നൽകിയ ഉപദേശം.