‘മന്ത്രിമാരുടേത് പക്വതയില്ലാത്ത പരാമര്‍ശം’; കേസ് പിന്‍വലിക്കണമെന്ന് ജോസഫ് കളത്തിപറമ്പില്‍
മുതലപ്പൊഴിയില്‍ എത്തിയ മന്ത്രിമാരെ പ്രതിഷേധക്കാര്‍ തടഞ്ഞപ്പോള്‍ ഷോ കാണിക്കരുത് എന്ന് പറഞ്ഞ മന്ത്രിമാര്‍ പ്രശ്‌നം വഷളക്കാക്കിയെന്നാണ് സഭ ആരോപിക്കുന്നത്.

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ഫാ. യൂജിന്‍ പേരേരക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍. ഭയപ്പെടുത്തി നിശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ജനങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറാകണമെന്നും ജോസഫ് കളത്തിപറമ്പില്‍ പറഞ്ഞു.
വിഷയത്തില്‍ മന്ത്രിമാര്‍ നടത്തിയത് പക്വതയില്ലാത്ത പരാമര്‍ശമാണ്. അതിനെല്ലാം യൂജിന്‍ പേരേര തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും ജോസഫ് കളത്തിപറമ്പില്‍ പ്രതികരിച്ചു. കേസെടുത്തതില്‍ സഭയിലും തീരദേശത്തും പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ബിഷപ്പിന്റെ പ്രതികരണം. മുതലപ്പൊഴിയില്‍ എത്തിയ മന്ത്രിമാരെ പ്രതിഷേധക്കാര്‍ തടഞ്ഞപ്പോള്‍ ഷോ കാണിക്കരുത് എന്ന് പറഞ്ഞ മന്ത്രിമാര്‍ പ്രശ്‌നം വഷളക്കാക്കിയെന്നാണ് സഭ ആരോപിക്കുന്നത്.
മന്ത്രിമാരെ തടഞ്ഞതിന്റെ പേരില്‍ അഞ്ചുതെങ്ങ് പൊലീസാണ് കേസ് എടുത്തത്. ഐ.പി.സി 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ എടുത്ത കേസില്‍ യൂജിന്‍ പെരേരയെ മാത്രമാണ് പ്രതിചേര്‍ത്തിരിക്കുന്നത്. റോഡ് ഉപരോധിച്ചവര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. 3 പേര്‍ക്ക് എതിരെയും കണ്ടാല്‍ അറിയാവുന്ന 20 പേര്‍ക്കെതിരെയുമാണ് കേസ്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗതാഗതം തടസപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍.