മുതലപ്പൊഴി പ്രതിഷേധം; ‘തയ്യാറാക്കിയ കഥ’, ലത്തീൻ അതിരൂപത വികാരിക്കെതിരെ വി ശിവൻകുട്ടി
തയ്യാറാക്കിയ കഥ പോലെയാണ് മുതലപ്പൊഴിയിൽ മന്ത്രിമാർക്ക് നേരെ നടന്ന പ്രതിഷേധം. സ്റ്റഡി ക്ലാസിന്റെ അടിസ്ഥാനത്തിൽ ചെയ്തതു പോലെയാണ് പ്രതിഷേധം ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: മുതലപ്പൊഴി പ്രതിഷേധത്തിൽ ലത്തീൻ അതിരൂപത വികാരി യൂജിൻ പെരേരക്ക് എതിരെ മന്ത്രി വി ശിവൻ കുട്ടി. തയ്യാറാക്കിയ കഥ പോലെയാണ് മുതലപ്പൊഴിയിൽ മന്ത്രിമാർക്ക് നേരെ നടന്ന പ്രതിഷേധം. സ്റ്റഡി ക്ലാസിന്റെ അടിസ്ഥാനത്തിൽ ചെയ്തതു പോലെയാണ് പ്രതിഷേധം ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
യൂജിൻ പെരേര വന്ന ഉടൻ മന്ത്രിമാരുടെ വാഹനം തടയാൻ നാട്ടുകാരോട് ആഹ്വാനം ചെയ്തു. കലാപ ആഹ്വാനമാണ് യൂജിൻ പെരേര നടത്തിയത്. വിഴിഞ്ഞം സമരത്തിന്റെ ഭാഗമായുള്ള വൈരാഗ്യമാണ് യൂജീൻ പരേര പ്രകടിപ്പിച്ചത്. മുതലപ്പൊഴിയിൽ നടന്ന പ്രതിഷേധത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടോ എന്ന് അന്വേഷിക്കണം. മുതലപ്പൊഴിയിൽ അപകടത്തിൽ പെട്ടവർക്ക് സർക്കാർ സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദർശിക്കാനെത്തിയപ്പോഴാണ് മന്ത്രിമാരെ നാട്ടുകാർ തടഞ്ഞത്. പുലർച്ചെ നാലു മണിയോടെയാണ് മൽസ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായത്. ഇതിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. അപകടങ്ങൾ പതിവായ മുതലപ്പൊഴിയിൽ ഒരാഴ്ചക്കിടയിലുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. മുതലപ്പൊഴി ഭാഗത്ത് തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. പുലിമുട്ട് നിർമ്മാണത്തിൽ അപാകതയുണ്ട്. അത് പരിഹരിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.