ഇന്ന് മണിപ്പൂരാണെങ്കില്‍ നാളെ കേരളമാണോയെന്ന് ഭീതിയുണ്ട്’; താമരശ്ശേരി രൂപത ബിഷപ്പ്
ഇതില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം

കോഴിക്കോട്: മണിപ്പൂരില്‍ ഒരു വിഭാഗത്തെ ഇല്ലാതാക്കാന്‍ തിരക്കഥ തയ്യാറാക്കിയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയേല്‍. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നുവെന്നും ഇന്ന് മണിപ്പൂരാണെങ്കില്‍ നാളെ കേരളമാണോയെന്ന ഭീതിയുണ്ടെന്നും അദ്ദഹം പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ഒരു വിഭാഗത്തെ ഇല്ലാതാക്കാനായി കൃത്യതയോടുകൂടി കരുതിക്കൂടി കാര്യങ്ങള്‍ ക്രമീകരിച്ചു. മാസങ്ങള്‍ക്കുമുമ്പേ മെനഞ്ഞെടുത്ത ഒരു നാടകം തിരക്കഥ തയ്യാറാക്കി നടപ്പിലാക്കി. 48 മണിക്കൂറുകള്‍ക്കുള്ളില്‍ 200ലധികം ദേവാലയങ്ങളും ആരാധനാലയങ്ങളും തകര്‍ക്കാന്‍ ഒരു വിഭാഗത്തിന് സാധിച്ചെങ്കില്‍ അത് എത്രയോ കിരാതമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരുകള്‍ തങ്ങള്‍ക്കുവേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോള്‍ അവര്‍ പുലര്‍ത്തുന്ന മൗനം ഭയപ്പെടുത്തുന്നതാണെന്നും ബിഷപ്പ് പറഞ്ഞു.
മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്ന കലാപത്തിന് പിന്നില്‍ ബിജെപിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണെന്നും അതില്‍ കൃത്യമായ അന്വേഷണം വേണമെന്നും മണിപ്പൂരിലെ മുന്‍ സമരനായിക ഇറോം ഷര്‍മ്മിള ആവശ്യപ്പെട്ടിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് സ്ഥിതി വഷളായതെന്ന ആരോപണമുണ്ട്. ഇതില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. കേന്ദ്രസര്‍ക്കാര്‍ ഇതില്‍ വേര്‍തിരിവുകളില്ലാതെ ഇടപെടണമെന്നും ഇറോം ശര്‍മ്മിള ആവശ്യപ്പെട്ടു.