ഏകീകൃത സിവിൽ കോഡ് അപ്രായോഗികം; മതസ്വാതന്ത്ര്യം ഹനിക്കപ്പെടാൻ സാധ്യതയെന്ന് കെസിബിസി
ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യവും പൈതൃകവും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കെസിബിസി കുറിപ്പിൽ ചൂണ്ടിക്കാട്ടി.

കൊച്ചി: ഏകീകൃത സിവില്‍ കോഡ് എന്ന ആശയം അപ്രായോഗികവും അസാധ്യവുമാണെന്ന് കേരള കത്തോലിക്കാ ബിഷപ്‌സ് കൗൺസിൽ (കെസിബിസി). നിയമം പ്രാബല്യത്തിൽ വന്നാൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും കെസിബിസി അറിയിച്ചു. ഈ വിഷയം പരിഗണനയ്‌ക്കെടുക്കാനുള്ള സമയമായിട്ടില്ലെന്നും കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വന്നാല്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെടാനും പരമ്പരാഗത ആചാരാനുഷ്ഠാനങ്ങള്‍ ചവിട്ടി മെതിക്കപ്പെടാനുമുളള സാധ്യതകളുണ്ട്. അതിനാൽ ഇന്ത്യയുടെ ജനസംഖ്യയിൽ 8.9 ശതമാനം വരുന്ന, ക്രൈസ്തവ വിശ്വാസികൾ ഉൾപ്പെടെയുള്ള പട്ടികവർഗക്കാരുടെ മതപരവും സാംസ്കാരികവുമായ ആശങ്കകളെ പരിഗണിച്ചായിരിക്കണം നിയമം നടപ്പാക്കേണ്ടതെന്നും കെസിബിസി ആവശ്യപ്പെട്ടു.
രാജ്യത്തെ നിയമനിർമാണവും പരിഷ്കാരവും ഏതെങ്കിലും മത വിഭാഗത്തിന്റെ അസ്വസ്ഥതകൾക്ക് കാരണമാകരുത്. ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യവും പൈതൃകവും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും കെസിബിസി കുറിപ്പിൽ ചൂണ്ടിക്കാട്ടി.