‘ക്രമസമാധാനം നോക്കേണ്ടത് സുപ്രീംകോടതിയല്ല, സംസ്ഥാന സർക്കാരാണ്’; മണിപ്പൂർ വിഷയത്തിൽ ചീഫ് ജസ്റ്റിസ്
മണിപ്പൂരിലേത് ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത അതിക്രമമാണ് എന്നാണ് കോളിൻ ഗോൺസാൽവസ് വാദിച്ചത്. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സുപ്രീംകോടതി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി: മണിപ്പൂരിൽ ക്രമസമാധാനം നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടത് സുപ്രീംകോടതിയല്ല സംസ്ഥാന സർക്കാരാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സംസ്ഥാനത്തെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. കുക്കി സമുദായത്തെ പ്രതിനിധീകരിച്ച് ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടപ്പോഴായിരുന്നു പ്രതികരണം. ചീഫ് ജസ്റ്റിസിന് പുറമേ ജസ്റ്റിസ് പി എസ് നരസിംഹയും ഉൾപ്പെട്ട ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
മണിപ്പൂരിലേത് ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത അതിക്രമമാണ് എന്നാണ് കോളിൻ ഗോൺസാൽവസ് വാദിച്ചത്. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സുപ്രീംകോടതി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. മെയ് മാസം മുതൽ മണിപ്പൂരിൽ തുടരുന്ന അതിക്രമങ്ങളിൽ ഇതുവരെ 144 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. സായുധ ഗ്രൂപ്പുകൾക്ക് സർക്കാർ പിന്തുണയുണ്ടെന്ന് കോളിൻ ഗോൺസാൽവസ് പറഞ്ഞു. ഇതല്ല ക്രമസമാധാനം പാലിക്കാൻ നടപടിയെടുക്കേണ്ട പ്ലാറ്റ്ഫോം. സുപ്രീംകോടതിയല്ല, തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് അത് ചെയ്യേണ്ടത്. ചീഫ് ജസ്റ്റിസ് മറുപടിയായി പറഞ്ഞു. ഇതൊരു മാനുഷിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ്. ഞങ്ങൾക്ക് (കോടതിക്ക്) വലിയ ശക്തിയുണ്ട്. പക്ഷേ ഞങ്ങളും ജാഗരൂകരാകേണ്ടതുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായോഗികമായ നിർദ്ദേശങ്ങൾ സമർപ്പിക്കാനും കോടതി പരാതിക്കാരോട് നിർദ്ദേശിച്ചു.
സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 5995 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മണിപ്പൂർ സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി. 6745 പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും ബിരേൻ സിംഗ് സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി വിനീത് ജോഷി കോടതിയിൽ അറിയിച്ചു. ആറ് കേസുകൾ സിബിഐക്ക് കൈമാറിയതായും റിപ്പോർട്ടിലുണ്ട്.
മെയ് മാസം മുതൽ ഇതുവരെ 5000 ആയുധങ്ങൾ ജനങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലാണ് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് ക്രമസമാധാനം പുഃനസ്ഥാപിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും സർക്കാർ വിശദമായി കോടതിയെ അറിയിച്ചു. സുരക്ഷാ ക്രമീകരണം ദിവസവും വിലയിരുത്തുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
അർധസൈനിക വിഭാഗങ്ങളുടെ 124 യൂണിറ്റുകളും 184 സൈനിക യൂണിറ്റുകളും മണിപ്പൂരിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളെ തൊട്ടടുത്ത സ്കൂളുകളിലേക്ക് എത്തിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്. നിരവധി പരീക്ഷാ പരിശീലന പരിപാടികളും വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കുമായി സംഘടിപ്പിക്കുന്നുണ്ട്. ഇൻർനെറ്റ് നിരോധനത്തിന് ഇളവ് വരുത്താനുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. രണ്ട് മാസം മുമ്പാണ് മണിപ്പൂരിൽ ഇന്റർനെറ്റ് വിഛേദിച്ചത്. പ്രാദേശിക സ്ഥിതിഗതികൾ വിലയിരുത്തി കർഫ്യുവിലും ഇളവ് ഏർപ്പെടുത്തുമെന്നും സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു.
വാദങ്ങൾക്കിടെ ഗോത്രങ്ങളുടെ പേരുകൾ പരാമർശിക്കരുതെന്ന് സർക്കാർ പരാതിക്കാരോട് നിർദ്ദേശിച്ചിരുന്നു. സ്ഥിതിഗതികൾ വഷളാക്കാൻ ഇത് കാരണമായേക്കുമെന്ന വിലയിരുത്തലിലായിരുന്നു നിർദ്ദേശം. കഴിഞ്ഞയാഴ്ചയാണ് തൽസ്ഥിതി റിപ്പോർട്ട് നൽകാൻ മണിപ്പൂർ സർക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടത്.