മണിപ്പൂരിൽ ഇന്റർനെറ്റ് പുന:സ്ഥാപിക്കണമെന്ന ഹൈക്കോടതി വിധിയില്‍ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി
ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്

ഡൽഹി: മണിപ്പൂരിൽ ഇന്റർനെറ്റ് പുന:സ്ഥാപിക്കാൻ നിർദ്ദേശിച്ച ഹൈക്കോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഹൈക്കോടതിയെ വീണ്ടും സമീപിക്കാനാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പിഎസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജിയിൽ നിർദ്ദേശം നൽകിയത്. മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സേവനം സർക്കാർ റദ്ദാക്കിയിരുന്നു. ഇത് പുനസ്ഥാപിക്കണമെന്ന് ആയിരുന്നു മണിപ്പൂർ ഹൈക്കോടതി വിധി. ഇന്റർനെറ്റ് വഴി പരക്കുന്ന കിംവദന്തികൾ കലാപം ആളിക്കത്തിക്കാൻ മാത്രമേ ഉപകരിക്കൂ എന്നായിരുന്നു കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ സുഷാർ മേത്തയുടെ വിശദീകരണം.
അതേസമയം ചെറിയ ഇടവേളക്ക് ശേഷം മണിപ്പൂരിൽ സ്ഥിതിഗതികൾ വീണ്ടും രൂക്ഷമായി. കഴിഞ്ഞ ആഴ്ച സംഘർഷത്തിന് അയവുണ്ടായിരുന്നെങ്കിലും ശനിയാഴ്ച മുതൽ പല ഭാഗത്തുനിന്നായി അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങി. മണിപ്പൂരിലെ കാങ്പോക്പി ജില്ലയിലെ ലൈമാറ്റൺ തങ്ബുഹ് ഗ്രാമത്തിൽ ഞായറാഴ്ച നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. സായുധരായ അക്രമികൾ ഗ്രാമപ്രതിരോധ സേനയെ ആക്രമിക്കുകയായിരുന്നു. മുപ്പതോളം വരുന്ന അക്രമി സംഘം അടുത്തുള്ള ഒരു കുന്നിൽ കയറി പ്രതിരോധ സേനാംഗങ്ങളെ വെടിവെക്കുകയായിരുന്നു. അസം റൈഫിൾസ് സംഘം സ്ഥലത്തെത്തിയതോടെ അക്രമികൾ സ്ഥലം വിട്ടു.
ശനിയാഴ്ച ഇംഫാൽ വെസ്റ്റിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതോടെയാണ് വീണ്ടും സംഘർഷം രൂക്ഷമായത്. മണിപ്പൂരിൽ മെയ് മൂന്ന് മുതൽ തുടങ്ങിയ വംശീയ സംഘർഷങ്ങളിൽ ഇതുവരെ 160 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ.