Breaking NewsKeralaLatest News

സേവ് മണിപ്പൂര്‍’, മണ്ഡലാടിസ്ഥാനത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്

ഏക സിവില്‍ കോഡില്‍ എല്‍ഡിഎഫ് പ്രമേയം പാസാക്കി

തിരുവനന്തപുരം: മണിപ്പൂര്‍ വംശഹത്യയില്‍ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ്. ‘സേവ് മണിപ്പൂര്‍’എന്ന പേരില്‍ ആഗസ്റ്റ് 27 ന് മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഓരോ മണ്ഡലത്തിലും ചുരുങ്ങിയത് 1000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. രാവിലെ 10 മണിമുതല്‍ 2 മണി വരെയാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജന്‍ പറഞ്ഞു.

സ്ത്രീ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള കേരള ജനതയുടെ പ്രതിരോധമാണിതെന്നും ഇ പി ജയരാജന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ശനിയാഴ്ച്ച എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ചേരാനും 24 ന് മണ്ഡലം കമ്മിറ്റി ചേരാനും തീരുമാനമായി. ലോകത്തിന്റെ മുന്നില്‍ ഇന്ത്യ അപമാനിക്കപ്പെട്ടുവെന്ന് മണിപ്പൂർ കലാപത്തിന്‍റെ പുറത്ത് വന്ന ദൃശ്യങ്ങള്‍ ചൂണ്ടികാട്ടി ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു.

‘കഴിഞ്ഞ മെയ് മാസത്തില്‍ ആരംഭിച്ച കാലത്തില്‍ ഗ്രാമങ്ങള്‍ കലാപബാധിതമായി, മനുഷ്യര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. അതെല്ലാം ഭീകരമായ അവസ്ഥ സൃഷ്ടിച്ചു. പുറത്ത് വന്ന ദൃശ്യങ്ങള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സ്ത്രീസ്വാതന്ത്ര്യത്തിന് നേരെയുണ്ടായ കലാപമാണിത്. സ്ത്രീകളെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുക, നഗ്നനയാക്കി നടത്തിക്കുക, പ്രതിരോധിക്കുന്നവരെ ചുട്ടുകൊല്ലുക തുടങ്ങി കാര്‍ഗില്‍ യുദ്ധത്തില്‍ സേവനം നടത്തിയ പട്ടാളക്കാരന്‍റെ ഭാര്യയെപോലും ബലാത്സംഗത്തിനിരയാക്കിയ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പോലും പുറത്ത് വരുന്നു. ചെറിയ ഭാഗം മാത്രമാണ് പുറത്തുവരുന്നത്. ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ട അവസ്ഥയാണ് ബിജെപി സര്‍ക്കാര്‍ അവിടെ സൃഷ്ടിച്ചിരിക്കുന്നത്. ഈ സംസ്ഥാന നയത്തെ സംരക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.’ ഇ പി ജയരാജന്‍ പറഞ്ഞു.

ഏക സിവില്‍ കോഡില്‍ എല്‍ഡിഎഫ് പ്രമേയം പാസാക്കി. മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആയുധമായി കേന്ദ്രസര്‍ക്കാര്‍ ഏക സിവില്‍ കോഡിനെ ഉപയോഗിക്കുന്നുവെന്നും എല്‍ഡിഎഫ് ആരോപിച്ചു. ഇതിന് പുറമേ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചന പ്രമേയം പാസാക്കി.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രചാരണ പരിപാടി നടത്താനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. ‘കേരളീയം’ എന്ന പേരില്‍ നവംബര്‍ 1 മുതല്‍ പ്രചാരണം തുടങ്ങും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പരിപാടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×