‘പറഞ്ഞതില്‍ നിന്ന് പിന്നോട്ടില്ല, ഞാനൊരു സിപിഐക്കാരി കൂടിയാണ്’; ആനി രാജ
രാഷ്ട്രീയ വിരോധത്തിന്റെ പേരിലോ വ്യക്തി വിരോധത്തിന്റെ പേരിലോ നടത്തിയ പ്രസ്താവനയല്ലാത്തതിനാല്‍ അത് പിന്‍വലിക്കില്ലെന്നും ആനി രാജ

കൊച്ചി: രാജ്യദ്രോഹ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഐ നേതാവ് ആനി രാജ. ബിജെപി സര്‍ക്കാരില്‍ നിന്നും ഇത്തരമൊരു പ്രതികരണമല്ലെങ്കില്‍ മാത്രം ആശ്ചര്യപ്പെട്ടാല്‍ മതി. പറഞ്ഞതില്‍ നിന്നും പിന്നോട്ടില്ലെന്നും ആനി രാജ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു. മണിപ്പൂരിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമാണെന്ന പരാമര്‍ശത്തിലാണ് ആനി രാജ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്.
‘ബിജെപി സര്‍ക്കാരില്‍ നിന്നും ഇത്തരമൊരു പ്രതികരണമല്ലെങ്കില്‍ മാത്രം ആശ്ചര്യപ്പെട്ടാല്‍ മതി. അത് സ്വാഭാവികമാണ്. മനുഷ്യാവകാശങ്ങളോടും ജനാധിപത്യ അവകാശങ്ങളോടും താല്‍പര്യമില്ലാത്ത, അതിനെയെല്ലാം നിഷേധിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ബിജെപി. അതിന് വേണ്ടി നിലകൊള്ളുന്നവരെ ഭയപ്പെടുത്തി അകറ്റി നിര്‍ത്താമെന്നുള്ള തന്ത്രമാണ് 2014 മുതല്‍ സ്വീകരിച്ചുവരുന്നത്. രാഷ്ട്രീയമായും നിയമപരമായും നേരിടും.’ ആനി രാജ പ്രതികരിച്ചു.
രാഷ്ട്രീയ വിരോധത്തിന്റെ പേരിലോ വ്യക്തി വിരോധത്തിന്റെ പേരിലോ നടത്തിയ പ്രസ്താവനയല്ലാത്തതിനാല്‍ അത് പിന്‍വലിക്കില്ലെന്നും ആനി രാജ പറഞ്ഞു. മൂന്നേമുക്കാല്‍ ദിവസം കലാപബാധിത പ്രദേശമായ മണിപ്പൂരിന്‌റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കിയാണ് പ്രതികരണം നടത്തിയത്. കേസ് വന്നത് കൊണ്ടൊന്നും പറഞ്ഞതില്‍ നിന്നും പിന്നോട്ട് പോകില്ല. രാഷ്ട്രീയ ചാഞ്ചാട്ടമുണ്ടാകുന്ന പ്രസ്ഥാനമല്ല ദേശീയ മഹിളാ ഫെഡറേഷന്‍. താനൊരു സിപിഐക്കാരി കൂടിയാണ്. ഫാസിസത്തിനെതിരെ പോരാടുന്നയാളാണ്. കേസ് വന്നാല്‍ ഭയപ്പെട്ട് ഒളിച്ചോടുന്ന രാഷ്ട്രീയ പ്രസ്ഥാനമല്ല തങ്ങളുടേതെന്നും ആനി രാജ പറഞ്ഞു.
ആനി രാജയ്ക്ക് പുറമേ ദേശീയ വനിതാ ഫെഡറേഷന്റെ മറ്റ് രണ്ട് നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. എസ് ലിബന്‍ സിങ് എന്നയാളാണ് ഇംപാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു.