മണിപ്പൂർ കലാപം: സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റ്; വിമര്‍ശിച്ച് ഇന്ത്യ
മണിപ്പൂരിലെ സംഭവങ്ങളെക്കുറിച്ച് ശക്തമായ ഭാഷയിലാണ് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്.

ഡൽഹി: മണിപ്പൂർ കലാപത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രമേയം പാസ്സാക്കി. ഇന്ത്യയുടെ എതിർപ്പ് വകവയ്ക്കാതെയാണ് പ്രമേയം അംഗീകരിച്ചത്. ഇന്ത്യയിലെ എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും യൂറോപ്യൻ പാർലമെന്റ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രശ്നങ്ങളെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന സാഹചര്യത്തെക്കുറിച്ചും യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങളും ഉന്നയിക്കണമെന്നും പ്രമേയത്തിൽ പറഞ്ഞു. പ്രമേയം അവതരിപ്പിക്കാതിരിക്കാൻ ഇന്ത്യ നയതന്ത്ര ഇടപെടൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മണിപ്പൂരിലെ സംഭവങ്ങളെക്കുറിച്ച് ശക്തമായ ഭാഷയിലാണ് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരെ ഇന്ത്യയിൽ വർധിച്ചുവരുന്ന അസഹിഷ്ണുതയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണം. ഹിന്ദുഭൂരിപക്ഷത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കലാപത്തിനു പിന്നിലെന്നും പ്രമേയം കുറ്റപ്പെടുത്തി. 120 പേരോളം മരിക്കുകയും അരലക്ഷത്തോളം പേർ അഭയാർഥികളാകുകയും ചെയ്ത കലാപത്തിൽ 250 ക്രിസ്ത്യൻ പള്ളികൾ നശിപ്പിച്ചതായും പ്രമേയത്തിൽ പറയുന്നു. ഇന്റർനെറ്റ് നിരോധനം അവസാനിപ്പിക്കാനും സംഘർഷങ്ങളിൽ സ്വതന്ത്രാന്വേഷണം നടത്താനും യൂറോപ്യൻ പാർലമെന്റ് ആവശ്യപ്പെട്ടു. വെനസ്വേല, കിർഗിസ്ഥാൻ എന്നിവിടങ്ങളിലെ അടിച്ചമർത്തലുകൾക്കെതിരെയും യൂറോപ്യൻ യൂണിയൻ പ്രമേയം പാസാക്കി.
എന്നാൽ, മണിപ്പൂർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പ്രതികരിച്ചു. വിഷയം യുക്തമായ രീതിയിൽ കൈകാര്യം ചെയ്യാൻ ഇന്ത്യയ്ക്കറിയാം. ഇന്ത്യ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാത്തതു പോലെ മറ്റു രാജ്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാതിരിക്കുന്നതാണ് ഉചിതം. കൊളോണിയൽ ചിന്താഗതിയുടെ പ്രതിഫലനമാണ് യൂറോപ്യൻ യൂണിയന്റെ ഈ നീക്കം. ഇത് അംഗീകരിക്കാനാവില്ല. മണിപ്പൂരിൽ കാര്യങ്ങൾ ശാന്തമാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ നടത്തുന്നുണ്ട്. അതിൽ മറ്റ് രാജ്യങ്ങൾ ഇടപെടേണ്ടതില്ല. യൂറോപ്യൻ യൂണിയൻ അതിന്റെ ആഭ്യന്തരകാര്യങ്ങളിൽ ശ്രദ്ധിക്കാൻ സമയം വിനിയോഗിക്കട്ടെ എന്നും വിനയ് ക്വാത്ര അഭിപ്രായപ്പെട്ടു.