IndiaLatest News

ക്രൂരം; മണിപ്പൂരിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീടിനുളളിൽ പൂട്ടിയിട്ട് കത്തിച്ചുകൊന്നു

എസ് ചുരാചന്ദ് സിം​ഗ് മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം ആദരിച്ച ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു

ഇംഫാൽ: രണ്ടു കുക്കി യുവതികളെ ന​ഗ്നരാക്കി നടത്തി കൂട്ടബലാത്സം ചെയ്ത ഹീനകൃത്യം പുറംലോകം അറിഞ്ഞതിന് ശേഷവും കുറ്റകൃത്യങ്ങൾ മണിപ്പൂരിൽ ആവർത്തിക്കുകയാണ്. സങ്കൽപിക്കാനാകാത്ത ക്രൂരതയുടെ കൂടുതൽ വാർത്തകളാണ് പുറത്തുവരുന്നത്. കാക്ചിം​ഗ് ജില്ലയിലെ സെറോ ​ഗ്രാമത്തിൽ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിനുളളിൽ പൂട്ടിയിട്ട് സായുധ സംഘം തീവെച്ചുകൊന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. എസ് ചുരാചന്ദ് സിം​ഗ് എന്ന സ്വതന്ത്ര്യസമരസേനാനിയുടെ ഭാര്യ ഇബെറ്റോംബി(80) യാണ് കൊല്ലപ്പെട്ടത്.

മെയ് 28 ന് പുലർച്ചെയാണ് സംഭവം. സായുധ സംഘം ഇബെറ്റോംബിയെ വീടിനുളളിലിട്ട് പൂട്ടുകയും വീടിന് തീവെക്കുകയുമായിരുന്നു. രക്ഷിക്കാൻ തങ്ങൾ എത്തിയപ്പോഴേക്കും തീ മുഴുവനായി വ്യാപിച്ചിരുന്നു എന്ന് ഇബെറ്റോംബിയുടെ ചെറുമകൻ പ്രേംകാന്ത പറഞ്ഞു. തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടത്. മുത്തശ്ശിയെ രക്ഷിക്കുന്നതിനിടെ തന്റെ കയ്യിലും തുടയിലും വെടിയുണ്ട കയറിയെന്നും പ്രേകാന്ത കൂട്ടിച്ചേർത്തു.

ഗ്രാമത്തിൽ അക്രമം ശക്തമായതോടെ ഓടിപ്പോകാൻ മുത്തശ്ശി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് തന്നെ രക്ഷിക്കാൻ തിരികെവരൂ എന്നാണ് മുത്തശ്ശി അവസാനമായി പറഞ്ഞതെന്നും പ്രേംകാന്ത് ഓർത്തു. സെറോ ​ഗ്രാമത്തിൽ വെടിവെപ്പും വൻ അക്രമവും നടന്നതായി റിപ്പോർട്ടിൽ പറയുന്നു. 80-ാം വയസ്സിൽ അന്തരിച്ച എസ് ചുരാചന്ദ് സിം​ഗ് മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം ആദരിച്ച ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. കത്തിച്ചാമ്പലായ വീട്ടിൽ നിന്ന് തന്റെ മുത്തശ്ശന് മുൻ രാഷ്ട്രപതി എപിജെ അബ്ദുൽകലാം ഉപഹാരം സമർപ്പിക്കുന്ന ഒരു ഫോട്ടോ മാത്രമാണ് പ്രേംകാന്തിന് ലഭിച്ചത്.

അതേസമയം മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. 45കാരിയെ നഗ്നയാക്കി തീകൊളുത്തിക്കൊന്നുവെന്ന റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നത്. മെയ് ആറിന് മണിപ്പൂരിലെ തൗബാലിലാണ് സംഭവം നടന്നത്. യുവതിയുടെ കത്തിക്കരിഞ്ഞ ശരീരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവതിയെ നഗ്‌നയാക്കി തീകൊളുത്തുകയായിരുന്നുവെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. യുവതികളെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്‌നരാക്കി നടത്തുകയും ചെയ്ത സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് 45കാരിയുടെ കൊലപാതകം നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. മെയ് ഏഴിനാണ് യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുന്നത്.

കുക്കി യുവതികളെ ന​ഗ്നരാക്കി കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ ഇതുവരെ ആറ് പേർ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇവരിലൊരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണെന്നാണ് വിവരം. രണ്ട് പേരെ ഇന്നാണ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ നാല് പേരെ 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×