മണിപ്പൂര്‍ കലാപം തിരിച്ചടിയായെന്ന് വിലയിരുത്തി ബിജെപി; ദേശീയ നേതാക്കളും മന്ത്രിമാരും കേരളത്തിലേക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതറയും രംഗത്തെത്തിയിരുന്നു.

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം കേരളത്തില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കിയെന്ന വിലയിരുത്തലില്‍ ബിജെപി കേന്ദ്ര നേതൃത്വം. അകല്‍ച്ച വര്‍ധിക്കാതിരിക്കാനുള്ള നടപടികള്‍ ബിജെപി നേതൃത്വം സ്വീകരിച്ചു തുടങ്ങി. ദേശീയ നേതാക്കളെയും സംസ്ഥാനത്തെ സഭാ മേലധ്യക്ഷന്‍മാരെയും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം.
മണിപ്പൂരിലേത് മതപരമായ പ്രശ്‌നമാണെന്നും ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നുമുള്ള നിലപാടായിരിക്കും ഡല്‍ഹിയില്‍ നിന്നെത്തുന്നവര്‍ സ്വീകരിക്കുക. സംസ്ഥാനം മുന്‍പ് ഭരിച്ച മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നയനിലപാടുകളാണ് പ്രശ്‌നങ്ങളുടെ പ്രധാന കാരണമെന്നും അവര്‍ സഭാ മേലധ്യക്ഷന്‍മാരോട് പറയും.
മണിപ്പൂരില്‍ ഒരു വിഭാഗത്തെ ഇല്ലാതാക്കാന്‍ തിരക്കഥ തയ്യാറാക്കിയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയേല്‍ പറഞ്ഞിരുന്നു. ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നുവെന്നും ഇന്ന് മണിപ്പൂരാണെങ്കില്‍ നാളെ കേരളമാണോയെന്ന ഭീതിയുണ്ടെന്നും അദ്ദഹം പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ഒരു വിഭാഗത്തെ ഇല്ലാതാക്കാനായി കൃത്യതയോടുകൂടി കരുതിക്കൂടി കാര്യങ്ങള്‍ ക്രമീകരിച്ചു. മാസങ്ങള്‍ക്കുമുമ്പേ മെനഞ്ഞെടുത്ത ഒരു നാടകം തിരക്കഥ തയ്യാറാക്കി നടപ്പിലാക്കി. 48 മണിക്കൂറുകള്‍ക്കുള്ളില്‍ 200ലധികം ദേവാലയങ്ങളും ആരാധനാലയങ്ങളും തകര്‍ക്കാന്‍ ഒരു വിഭാഗത്തിന് സാധിച്ചെങ്കില്‍ അത് എത്രയോ കിരാതമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരുകള്‍ തങ്ങള്‍ക്കുവേണ്ടി സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോള്‍ അവര്‍ പുലര്‍ത്തുന്ന മൗനം ഭയപ്പെടുത്തുന്നതാണെന്നും ബിഷപ്പ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതറയും രംഗത്തെത്തിയിരുന്നു. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി തുടരുന്ന മൗനം സമൂഹത്തിന് ഭൂഷണമല്ലെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി. കണ്ണൂരില്‍ യുഡിഎഫ് സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയവും, സമുദായവും നോക്കി പ്രധാനമന്ത്രി കാണിക്കുന്ന മൗനം ജനങ്ങള്‍ തിരിച്ചറിയും. അതിന്റെ സൂചനകളാണ് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചതെന്നും വടക്കുംതറ വ്യക്തമാക്കി.