Breaking NewsKerala

ക്രൈസ്തവരുടെ സുരക്ഷയിൽ ആശങ്ക, മണിപ്പൂരിൽ മോദിക്ക് മൗനം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെസിബിസി

ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതരോ എന്ന് സന്ദേഹമുണ്ട്. 43% ക്രൈസ്തവരുള്ള മണിപ്പൂരിൽ അവർ നാമാവശേഷമാക്കപ്പെടുകയാണ്

കൊച്ചി : ബിജെപി ഭരണത്തിൽ ക്രൈസ്തവർ സുരക്ഷിതരാണോയെന്ന് ആശങ്കയുണ്ടെന്ന് കെസിബിസി. ഒരു സംസ്ഥാനം രണ്ട് മാസമായി കത്തിയെരിഞ്ഞിട്ടും പ്രധാനമന്ത്രി നിശബ്ദനാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും കെസിബിസി ഡെപ്യുട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളി റിപ്പോർട്ടറിനോട് പറഞ്ഞു. ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതരോ എന്ന് സന്ദേഹമുണ്ട്. 43% ക്രൈസ്തവരുള്ള മണിപ്പൂരിൽ അവർ നാമാവശേഷമാക്കപ്പെടുകയാണ്. ഇന്ത്യയിലെ ആകെ ക്രൈസ്തവരുടെ കാര്യത്തിൽ ഭയമാണ്.

മണിപ്പൂരിലെത്തിയ 35000 പട്ടാളക്കാർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. കലാപം അടിച്ചമർത്താൻ സേനയ്ക്ക് ഭരണകൂടം വേണ്ട നിർദേശം നൽകാത്തത് സംശയാസ്പദമാണ്. സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് കേന്ദ്രം എന്തുകൊണ്ട് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നില്ല? തിരഞ്ഞെടുപ്പ് കാലത്ത് മണിപ്പൂരിലെ ജനതയ്ക്ക് പ്രധാനമന്ത്രി നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോട് കത്തോലിക്ക സഭയ്ക്ക് പ്രത്യേക അടുപ്പമോ അകൽച്ചയോ ഇല്ലെന്നും ബിജെപിയോടും ഇതേ നിലപാടാണെന്നും ഫാ ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

മാസങ്ങളായി മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരകുകയാണ്. സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജൂലൈ എട്ട് വരെ സ്കൂളുകൾ അടച്ചിടും. സംസ്ഥാനത്ത് ഇന്റർനെറ്റിന് ഇപ്പോഴും നിരോധനം തുടരുകയാണ്. പലയിടത്തും പ്രതിഷേധങ്ങൾ അക്രമാസക്തമാവുന്നു. ജൂൺ 30 ന് മണിപ്പൂരിലെത്തിയ രാഹുൽ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കലാപം തുടങ്ങിയ ശേഷം ആദ്യമായാണ് പ്രതിപക്ഷത്തുനിന്നൊരു നേതാവ് മണിപ്പൂരിലെത്തുന്നത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചിട്ടില്ലെന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

മണിപ്പൂരിൽ നടക്കുന്ന സംഘർഷങ്ങളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭയും രംഗത്തെത്തിയിരുന്നു. സർക്കാരിൻ്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായി. ഇത് ഇന്ത്യൻ സംസ്കാരത്തിനു നാണക്കേടാണെന്നും ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർ തോമ മാതൃൂസ് തൃതീയൻ ബാവ പ്രതികരിച്ചു. ഏക സിവിൽ കോഡിനെതിരെ ലത്തീൻ അതിരൂപതയും പ്രതികരിച്ചു. നിയമം നിർമ്മിക്കേണ്ടത് ഭരണഘടന ഉൾക്കൊണ്ടുകൊണ്ടാണ്. കേന്ദ്രത്തിന്റെ നിയമ നിർമാണങ്ങളിൽ ആശങ്കയുണ്ടെന്നും പൗരാവകാശം ഹനിക്കുന്ന നീക്കങ്ങളെ എതിർക്കുമെന്നും ലത്തീൻ അതിരൂപത പറഞ്ഞു.

മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയാണെന്ന് കഴിഞ്ഞ ദിവസം ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടിരുന്നു. കലാപം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും ക്രൈസ്തവ പള്ളികള്‍ ലക്ഷ്യമിട്ടാണ് കലാപം പടര്‍ന്നത് എന്നും പാപ്ലാനി പറഞ്ഞിരുന്നു. റബ്ബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ ബിജെപി സഹായിക്കാമെന്ന് നേരത്തെ പറഞ്ഞ പാംപ്ലാനിയുടെ പുതിയ നിലപാട് ബിജെപിയെ തിരിഞ്ഞുകൊത്തിയെന്നാണ് വിലയിരുത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!
×