മണിപ്പൂരിൽ നടക്കുന്ന സംഘർഷങ്ങളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ

കോട്ടയം: മണിപ്പൂരിൽ നടക്കുന്ന സംഘർഷങ്ങളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ. സർക്കാരിൻ്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായി. ഇത് ഇന്ത്യൻ സംസ്കാരത്തിനു നാണക്കേടാണെന്നും ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർ തോമ മാതൃൂസ് തൃതീയൻ ബാവ പ്രതികരിച്ചു.മണിപ്പൂരിൽ നടക്കുന്ന പ്രശ്നങ്ങളിൽ സഭ ആശങ്ക അറിയിച്ചിരുന്നു. പള്ളികൾ തകർക്കപ്പെട്ടു. കലാപം തുടരുന്നതിൽ സഭയ്ക്ക് ആശങ്കയുണ്ട്. ആഭ്യന്തര മന്ത്രി ഇടപെട്ടിട്ടും കലാപം അവസാനിപ്പിക്കാൻ കഴിയുന്നില്ല. കേന്ദ്രസർക്കാർ വിഷയത്തിൽ ഫലപ്രദമായി ഇടപെടുന്നില്ലെന്നും ബസേലിയോസ് മാർ തോമ മാതൃൂസ് തൃതീയൻ ബാവ അഭിപ്രായപ്പെട്ടു.ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി പലതവണ സംസാരിച്ചു. കോടതി വിധിയും ഭരണഘടനയും മാനിച്ചു മാത്രമേ മുന്നോട്ടുപോകാനാവൂ എന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അതിലൂന്നിയുള്ള വിട്ടുവീഴ്ചകൾക്ക് സഭ തയ്യാറാണ്. നിയമ നിർമാണത്തോട് ഓർത്തഡോക്സ് സഭ യോജിക്കുന്നില്ല. മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. സർക്കാർ പരിഹാരം കണ്ടത്തണമെന്നും ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പറഞ്ഞു.മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സീറോ മലബാർ സഭയും രംഗത്തെത്തിയിരുന്നു. മണിപ്പൂരിൽ നടക്കുന്നത് ഒരു വിഭാഗത്തിനെതിരായ സംഘടിതമായ ആക്രമണമാണ്. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിഷ്ക്രിയത്വമാണ്. കലാപം അമർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ല. കലാപത്തിന് കേന്ദ്രസർക്കാർ മൗനാനുവാദം നൽകുന്നുവെന്ന് സംശയമെന്നും സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര പ്രതികരിച്ചു.മണിപ്പൂരിലേത് വംശഹത്യയാണെന്ന് പറയേണ്ടിവരുമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രസർക്കാരിന്റേത് ഗുരുതരവീഴ്ചയാണ്. സർക്കാർ ശരിയായ ഇടപെടൽ നടത്തണം. ഇന്ത്യ എന്ന രാജ്യത്ത് വിവേചനമില്ല എന്നാണ് പ്രധാനമന്ത്രി അമേരിക്കയിൽ പറഞ്ഞത്. മണിപൂരിലെ ക്രിസ്ത്യാനികളുടെ മുഖത്തു നോക്കി പ്രധാനമന്ത്രി ഇതു പറയണം. മണിപ്പൂരിൽ ക്രൈസ്തവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ്.മണിപ്പൂരിൽ നടക്കുന്നത് കലാപമാണ്. കലാപകാരികൾക്ക് എവിടെ നിന്ന് പൊലീസിന്റെ ആയുധങ്ങൾ ലഭിച്ചു. ഭരണകൂടത്തിന്റെ മൗനാനുവാദം ഇവർക്ക് ലഭിച്ചോ എന്ന് സംശയിക്കണം. മണിപ്പൂർ കത്തി എരിയുമ്പോൾ ആരും കാര്യമായി സമാധാനത്തിന് ശ്രമിക്കുന്നില്ല. സൈനിക ബലമുള്ള രാജ്യത്ത് കലാപം അമർച്ച ചെയ്യാൻ കഴിയാത്തത് ശരിയല്ല. മണിപ്പൂരിലേത് വംശഹത്യയാണ്. റബ്ബർ വിലയുമായി അതിനെ താരതമ്യപ്പെടുത്തേണ്ട കാര്യമില്ല. ആ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നെന്നും ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടിരുന്നു.
