സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു, നഗ്നരാക്കി നടത്തിച്ചു; മണിപ്പൂരിലെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ
മെയ് നാലിന്, ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാങ്പോക്പി ജില്ലയിൽ നടന്ന സംഭവമാണിതെന്ന് ഐടിഎൽഎഫ് പറയുന്നു. ദൃശ്യങ്ങൾ രാജ്യത്തിന്റെയാകെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

ഇംഫാൽ: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് ഒരുകൂട്ടം പുരുഷന്മാർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് സ്ത്രീകളും കൂട്ടബലാത്സംഗത്തിനിരകളായതായി ഒരു ഗോത്രസംഘടന ആരോപിക്കുന്നു. മെയ് നാലിന്, ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാങ്പോക്പി ജില്ലയിൽ നടന്ന സംഭവമാണിതെന്ന് ഐടിഎൽഎഫ് പറയുന്നു. ദൃശ്യങ്ങൾ രാജ്യത്തിന്റെയാകെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
‘ഇത്തരമൊരു ഹീനകൃത്യം നടക്കുന്നതിന് തലേദിവസമാണ് മണിപ്പൂരിൽ മെയ്തെയ്- കുകി സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. നിസ്സഹായരായ സ്ത്രീകളെ പുരുഷന്മാർ ക്രൂരമായി ഉപദ്രവിക്കുന്നത് വീഡിയോയിലുണ്ട്. അവർ കരഞ്ഞപേക്ഷിച്ചിട്ടും അത് വകവെക്കാതെ ഉപദ്രവവും ആക്ഷേപവും തുടരുകയാണ്.’, ഐടിഎൽഎഫ് പ്രസ്താവനയിൽ പറയുന്നു. സ്ത്രീകൾ ആരൊക്കെയാണെന്ന് വ്യക്തമാകും വിധം വീഡിയോ പ്രചരിപ്പിച്ചത് ഈ പുരുഷന്മാരുടെ തീരുമാനപ്രകാരമാണെന്നും ഐടിഎൽഎഫ് ആരോപിക്കുന്നു. നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷനെയും എസ്ടി ദേശീയ കമ്മീഷനെയും ഗോത്ര സംഘടന സമീപിച്ചിട്ടുണ്ട്.
കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് എടുത്തതായി മണിപ്പൂർ പൊലീസ് ഇന്ന് ട്വീറ്റ് ചെയ്തു. ‘രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് സായുധരായ ഒരു സംഘം പുരുഷന്മാർ പിന്തുടരുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്’. ട്വീറ്റിൽ പറയുന്നു.
സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി രാഷ്ട്രീയനേതാക്കൾ രംഗത്തെത്തി. സംഭവത്തിൽ നടപടിയെടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഹൃദയം നുറുക്കുന്ന കാഴ്ചയാണിതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. സമൂഹത്തിലെ അതിക്രമങ്ങളുടെ പരമാവധി ക്രൂരതയും ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും അവർ കൂട്ടിച്ചേർത്തു.