മണിപ്പൂരിൽ നടന്നത് ലജ്ജാകരമായ കാര്യം, വിട്ടുവീഴ്ച്ചയുണ്ടാകില്ല: പ്രധാനമന്ത്രി
മണിപ്പൂർ വിഷയത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിന് പുറത്ത് പ്രതികരിച്ച് പ്രധാനമന്ത്രി. മണിപ്പൂർ വിഷയത്തിൽ ഹൃദയം നിറയെ വേദനയും ദേഷ്യവും തോന്നുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ച്ചയില്ലാതെ ക്രമസമാധാനപാലനം ഉറപ്പാക്കണം. അമ്മമാരുടെയും സഹോദരിമാരുടെയും സുരക്ഷയ്ക്ക് കഠിനമായ നടപടി സ്വീകരിക്കണം. നിയമം സർവ ശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കും. പുരോഗമന സമൂഹത്തിന് ലജ്ജകരമായ കാര്യമാണ് നടന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. പാർലമെൻ്റ് സെഷന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു നരേന്ദ്ര മോദി മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ചത്.
അതേസമയം മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനും മണിപ്പൂര്‍ സര്‍ക്കാരിനും നിർദേശം നൽകി. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. രണ്ട് സ്ത്രീകളും കൂട്ടബലാത്സംഗത്തിനിരകളായതായി ഒരു ഗോത്രസംഘടന പറഞ്ഞു. മെയ് നാലിന്, ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാങ്പോക്പി ജില്ലയിൽ നടന്ന സംഭവമാണിതെന്ന് ഐടിഎൽഎഫ് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് നിഷ്‌ക്രിയത്വത്തെയും പ്രതിപക്ഷം നേരത്തേ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ അക്രമ സംഭവങ്ങളിലും സർക്കാരിന്റെ നിഷ്ക്രിയത്വത്തിലും പ്രതിപക്ഷം ശക്തമായി അപലപിച്ചു. മണിപ്പൂരിലെ വംശീയ കലാപത്തിൽ പ്രധാനമന്ത്രിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ‘പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചു. മണിപ്പൂരിൽ ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ ഐഎൻഡിഐഎ നിശബ്ദത പാലിക്കില്ല. മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ് ഞങ്ങൾ നിലകൊള്ളുന്നത്. സമാധാനമാണ് മുന്നിലുള്ള ഏക വഴി,’ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.