‘ലത്തീൻ സമുദായത്തിൽ 90 ശതമാനം ആളുകളും സർക്കാരിനൊപ്പമാണ്, ചില ഒറ്റപ്പെട്ട പുരോഹിതർക്ക് തെറ്റിദ്ധാരണയുണ്ട്.’ : മുതലപ്പൊഴി വിഷയത്തിൽ സജി ചെറിയാൻ
മുതലപ്പൊഴിയിൽ മന്ത്രിമാർ സന്ദർശനത്തിനെത്തിയപ്പോൾ കലാപം ഉണ്ടാക്കാൻ ഗൂഢ ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: മുതലപ്പൊഴി വിഷയത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. മത്സ്യത്തൊഴിലാളികൾക്ക് അപകട മുന്നറിയിപ്പ് നൽകിയിരുന്നു എന്നും മത്സ്യത്തൊഴിലാളികൾ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുതലപ്പൊഴിയിൽ മന്ത്രിമാർ സന്ദർശനത്തിനെത്തിയപ്പോൾ കലാപം ഉണ്ടാക്കാൻ ഗൂഢ ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു. മന്ത്രിമാർ സന്ദർശനത്തിനെത്തിയപ്പോൾ ആ പ്രദേശത്തില്ലാത്ത ചിലർ അവിടെ വന്നിരുന്നു. പ്രദേശവാസികളല്ലാത്തവർ എന്തിനാണ് അവിടെ എത്തിയത്. മന്ത്രിമാർ സ്ഥലത്ത് ചെല്ലുന്നതിന് എന്തിനാണ് സംഘർഷം ഉണ്ടാക്കുന്നത് എന്ന് സജി ചെറിയാൻ ചോദിച്ചു. മന്ത്രിമാർ പ്രകോപനം ഉണ്ടാക്കി എന്നത് ശുദ്ധ നുണയാണ്. മന്ത്രിമാർ തന്ത്രപരമായി ഇടപെട്ടതിനാലാണ് കലാപം ഒഴിവായതെന്നും അദ്ദേഹം പറഞ്ഞു. അശാസ്ത്രീയ നിർമാണമാണ് മുതലപ്പൊഴിയിലേത് എന്നും സ്ഥലത്ത് ഇനിയും അപകടം സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. 65 പേർ മുതലപ്പൊഴിയിൽ മരിച്ചത് സത്യമാണ്. മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടുന്നത് സങ്കടകരമാണ്. പ്രതിപക്ഷം പറയുന്നത് സർക്കാർ കുറ്റം ചെയ്തു എന്നാണ്. എന്നാൽ വർഷങ്ങളോളം സമയമെടുത്ത് പഠനങ്ങൾക്ക് ശേഷം പണിത ഹാർബർ അശാസ്ത്രീയമാണ്. അന്ന് ഇവിടെ ഇന്നത്തെ പ്രതിപക്ഷവും മാധ്യമങ്ങളും ഇല്ലായിരുന്നോ എന്ന് സജി ചെറിയാൻ ചോദിച്ചു. പരിഹാര നടപടികൾക്ക് സിഡബ്ല്യുപിആര്‍എസ്സിനെ ചുമതലപ്പെടുത്തിയ്ട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ ഡേറ്റ കൈമാറിയിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിൽ പൂർണമായി ഡേറ്റ നൽകുമെന്നും അന്തിമ റിപ്പോർട്ട് ഡിസംബറിൽ സമർപ്പിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി. വിഷയത്തിൽ സർക്കാരിന് സമയം തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലത്തീൻ സമുദായത്തിൽ 90 ശതമാനം ആളുകളും സർക്കാരിനൊപ്പമാണ് എന്നും അദ്ദേഹം പറഞ്ഞു. ചില ഒറ്റപ്പെട്ട പുരോഹിതർക്ക് തെറ്റിദ്ധാരണയുണ്ട്. അത് പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ സുധാകരനെ കാണാൻ തിരുവനന്തപുരത്തെ ആർച്ച് ബിഷപ് തയാറായില്ലെന്നും അത് ചതിക്കാനാണെന്ന് പിതാവിന് മനസിലായതിനെ തുടർന്നാണെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം സമരത്തിൽ ഉന്നയിച്ച ഏഴ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമം നടക്കുന്നതായും അദ്ദേഹം അറിയിച്ചു. മുതലപ്പൊഴിയിൽ ആറ് മാസത്തിൽ ഡ്രഡ്ജിങ് നടത്തണം. എന്നാൽ അത് നടത്തിയില്ല. സർക്കാരിന് ഡ്രഡ്ജിങ് നടത്താൻ പണം മുടക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.