ആനി രാജക്കെതിരായ രാജ്യദ്രോഹ കേസ്; യാഥാര്‍ത്ഥ്യം പറയുമ്പോള്‍ കേസെടുക്കുന്നത് ശരിയല്ലെന്ന് ലീഗ്
മണിപ്പൂരിലേത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപമാണെന്ന പരാമര്‍ശത്തിലാണ് ആനി രാജയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്

ന്യൂഡല്‍ഹി: സിപിഐ നേതാവ് ആനി രാജയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിനെ എതിര്‍ത്ത് മുസ്ലിം ലീഗ്. യാഥാര്‍ത്ഥ്യം പറയുമ്പോള്‍ കേസെടുക്കുന്നത് ശരിയല്ലെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മണിപ്പൂരിലേത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപമാണെന്ന പരാമര്‍ശത്തിലാണ് ആനി രാജയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. മണിപ്പൂര്‍ പൊലീസാണ് ആനി രാജ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്.
ആനി രാജയ്ക്ക് പുറമേ ദേശീയ വനിതാ ഫെഡറേഷന്റെ മറ്റ് രണ്ട് നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ആനി രാജ പ്രതികരിച്ചു. ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്നതിനുള്ള ശ്രമമാണ് കേസെടുത്തതിലൂടെ നടക്കുന്നത്. കേസില്‍ അത്ഭുതമില്ലെന്നും ആനി രാജ പറഞ്ഞു.
മണിപ്പൂര്‍ സന്ദര്‍ശന വേളയിലാണ് മുസ്ലിം ലീഗ് നേതാക്കളുടെ പ്രതികരണം. മുസ്ലീംലീഗ് എം പിമാരുടെ ദൗത്യസംഘം മണിപ്പൂര്‍ സന്ദര്‍ശനത്തിലാണ്. ഗുരുതരമായ സ്ഥിതിവിശേഷമാണ് മണിപ്പൂരിലുള്ളതെന്നും ലീഗ് എംപിമാര്‍ മണിപ്പൂര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ക്യാമ്പുകളിലെ ജീവിതം ദുരിത പൂര്‍ണ്ണമാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.