‘റബ്ബറിന് 300 കിട്ടിയാല്‍ എംപിയെ തരാമെന്ന് പറഞ്ഞ ബിഷപ്പുമാര്‍ ഉണ്ടായിരുന്നു’; എംവി ഗോവിന്ദന്‍
'നാളെ അത് കേരളത്തിലേക്കും വരില്ലെന്ന് എന്താണ് ഉറപ്പ്?'

കോട്ടയം: റബ്ബറിന് 300 കിട്ടിയാൽ എംപിയെ തരാമെന്ന് പറഞ്ഞ കേരളത്തിലെ ചില ബിഷപ്പുമാർ മണിപ്പൂർ വിഷയത്തോടെ അഭിപ്രായം മാറ്റിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്രം എന്ത് തന്നാലും രാജ്യത്തെ സ്ഥിതി ഇങ്ങനെയാണെങ്കിൽ നാളെ അത് കേരളത്തിലേക്കും വരില്ലെന്ന് എന്താണ് ഉറപ്പെന്നും എംവി ഗോവിന്ദൻ ചോദിച്ചു. കോട്ടയത്ത് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ.
മണിപ്പൂർ സംഘർഷം തുടങ്ങി രണ്ട് മാസമായിട്ടും ഇന്ത്യൻ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല. നൂറുകണക്കിന് ആളുകൾ അവിടെ മരിച്ചുവീണു. ഇതേ സ്ഥിതി തന്നെയായിരുന്നു ഗുജറാത്തിലും. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി കലാപ സമയത്ത് ഒന്നും മിണ്ടിയിരുന്നില്ല. ബിബിസി ആ കാര്യങ്ങൾ ഉൾപ്പെടെയാണ് ലോകത്ത് ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്. ആ പ്രധാനമന്ത്രി മണിപ്പൂർ സംഭവത്തിൽ മിണ്ടുന്നില്ല എന്ന് പറഞ്ഞാൽ അത്ഭുതപ്പെടാനില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
നൂറുകണക്കിന് പളളികളാണ് അവിടെ തകർക്കപ്പെട്ടത്. നിരവധി വീടുകളും അനുബന്ധ സ്ഥാപനങ്ങളും തകർത്തു. ഐക്യം തകർക്കുക, ജനകീയ ഐക്യത്തിന് പകരം സംഘർഷത്തിലേക്ക് നീങ്ങുക എന്നത് ഫാസിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖമുദ്രകളാണ്. അതിന്റെ ചിത്രമാണ് മണിപ്പൂരിൽ കാണുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ആർഎസ്എസിനേയും ബിജെപിയേയും വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാൽ മാത്രമേ ഇന്ത്യക്ക് നിലനിൽക്കാൻ സാധിക്കൂ എന്ന തിരിച്ചറിവ് ജനങ്ങൾ നേടിക്കൊണ്ടിരിക്കുകയാണെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.