കേന്ദ്രസംഘം മുതലപ്പൊഴിയിലേക്ക്; സംഘത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരനും
കേന്ദ്ര സഹമന്ത്രിയെ കൂടാതെ ഫിഷറീസ് ഡെവലപ്പ്മെൻ്റ് കമ്മീഷണർ, ഫിഷറീസ് അസിസ്റ്റൻ്റ് കമ്മീഷണർ, സിഐസിഇഎഫ് ഡയറക്ടർ എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്

തിരുവനന്തപുരം: ബോട്ട് മറിഞ്ഞുള്ള അപകടം തുടർക്കഥയാകുന്ന മുതലപ്പൊഴി സന്ദർശിക്കാൻ കേന്ദ്രസംഘം എത്തുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഉൾപ്പെടുന്ന സംഘം തിങ്കളാഴ്ച മുതലപ്പൊഴിയിലെത്തും. കേന്ദ്ര സഹമന്ത്രിയെ കൂടാതെ ഫിഷറീസ് ഡെവലപ്പ്മെൻ്റ് കമ്മീഷണർ, ഫിഷറീസ് അസിസ്റ്റൻ്റ് കമ്മീഷണർ, സിഐസിഇഎഫ് ഡയറക്ടർ എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്.
അതേസമയം അടിക്കടിയുണ്ടാകുന്ന അപകടങ്ങളിലും മരണങ്ങളിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. മുതലപ്പൊഴിയിലെ സമരങ്ങൾക്ക് പിന്തുണ കൊടുത്തിരുന്ന യുഡിഎഫ് നേരിട്ട് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. അഴിമുഖത്ത് മണൽ അടിയുന്ന പ്രശ്നത്തില്‍ അധികൃതർ മുൻകരുതലെടുക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. മണൽ നീക്കം ചെയ്യാത്തതിനാൽ ഇപ്പോഴും അപകടഭീഷണി നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ദിവസവും മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ മരണപ്പെട്ടിരുന്നു. പരലോകമാത എന്ന ബോട്ടാണ് ശക്തമായ തിരയിൽ അപകടത്തിൽപെട്ടത്. ഏറെ സമയമെടുത്ത തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. സംഭവസ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരുടെ സംഘത്തെ തടഞ്ഞാണ് അന്ന് പ്രദേശവാസികൾ പ്രതിഷേധം അറിയിച്ചത്. പുലിമുട്ട് നിർമ്മാണത്തിലെ അപാകത പരിഹരിക്കാതെ ഈ അപകടങ്ങൾ ഒഴിയില്ലെന്ന് ആവർത്തിക്കുകയാണ് മത്സ്യത്തൊഴിലാളികൾ.