കേന്ദ്രസംഘത്തിന്റെ മുതലപ്പൊഴി സന്ദർശനം കൃത്യമായ ലക്ഷ്യത്തോടെ; വിമർശിച്ച് ലത്തീൻ സഭ
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ ഒന്നാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ് തോമസ് നെറ്റോ

തിരുവനന്തപുരം: മുതലപ്പൊഴിയിലെ രാഷ്ട്രീയ പാർട്ടികളുടെ സന്ദർശനത്തെ വിമർശിച്ച് ലത്തീൻ സഭ. കേന്ദ്ര സംഘത്തിൻ്റെ സന്ദർശനത്തിന് പിന്നിൽ കൃത്യമായ ലക്ഷ്യമുണ്ടെന്ന് ബിഷപ്പ് തോമസ് നെറ്റോ ആരോപിച്ചു. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ ഒന്നാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുളള സംഘം മുതലപ്പൊഴി സന്ദർശിച്ചത് നാടകമെന്നും ബിഷപ്പ് പറഞ്ഞു.
കൃത്യമായ ലക്ഷ്യത്തോടെയാണ് സന്ദർശനം. ഇത് മറ്റ് പാർട്ടികളിലേക്ക് ആളുകൾ പോകുന്നത് മറികടക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധമുണ്ടായത് കൊണ്ടാണ് മുതലപ്പൊഴിയിലേക്ക് പാർട്ടിക്കാർ വന്നത്. യൂജിൻ പെരേരയ്ക്ക് എതിരെ രജിസ്റ്റർ ചെയ്തത് കള്ളക്കേസാണെന്നും ബിഷപ്പ് തോമസ് നെറ്റോ പറഞ്ഞു. എന്നാൽ കള്ളക്കേസ് അനുഗ്രഹമായെന്നും കേസെടുത്തപ്പോഴാണ് സഭയും മത്സ്യത്തൊഴിലാളികളും ഉണർന്നതെന്നും ബിഷപ്പ് വ്യക്തമാക്കി.