2000 ക്രൈസ്തവ ഗായകർ ഒരേ വേദിയിൽ; ‘ഹല്ലേലൂയാ സീസൺ 2’ ഇന്ന് തിരുവനന്തപുരത്ത്

2000 ക്രൈസ്തവ ഗായകർ ഒരേ വേദിയിൽ; ‘ഹല്ലേലൂയാ സീസൺ 2’ ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: രണ്ടായിരത്തോളം ക്രൈസ്തവ ഗായകരെ ഒരേ വേദിയിൽ അണിനിരത്തി സംഘടിപ്പിക്കുന്ന ‘ഹല്ലേലൂയാ സീസൺ 2’ ഇന്ന് തിരുവനന്തപുരത്ത് നടക്കും. പുത്തരിക്കണ്ടം മൈതാനിയിൽ വൈകിട്ട് നാലിനാണ് പരിപാടി.
കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രൈസ്തവ ഗായകരും സഭാ ശുശ്രൂഷകരും സുവിശേഷ പ്രവർത്തകരും സംഗമത്തിൽ പങ്കെടുക്കും. സുവിശേഷ പ്രവർത്തനരംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെ പിന്നിട്ടവരെയും മലയാള മണ്ണിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദീർഘകാലമായി ശുശ്രൂഷ നിർവഹിക്കുന്നവരെയും ചടങ്ങിൽ ആദരിക്കും.
ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെ തുടർന്ന് പീഡനങ്ങളിലൂടെ കടന്നുപോയ ദൈവദാസന്മാരെയും പരിപാടിയുടെ ഭാഗമായി ആദരിക്കുന്നുണ്ട്. ഇന്ത്യൻ ഇവാഞ്ചലിസ്റ്റ് അനു ജേക്കബിന്റെ നേതൃത്വത്തിലാണ് സമ്മേളനം.
പാസ്റ്റർ കെ.സി. ജോൺ, ബ്രദർ പി.ജി. വർഗീസ് (ഡൽഹി), റവ. എം.എ. വർഗീസ് (ബംഗളൂരു), പാസ്റ്റർ ഒ.എം. രാജുകുട്ടി, റവ. ക്ലാരൻസ് മുരത്തിയത്ത്, ഡോ. കെ.വി. പോൾ (തെലങ്കാന), പാസ്റ്റർ പി.ജി. മാത്യൂസ്, പാസ്റ്റർ രാജു കെ. തോമസ് (ഗുജറാത്ത്), ബിഷപ്പ് എ.ജി. തങ്കച്ചൻ (ആന്ധ്ര), പാസ്റ്റർ ബേബി വർഗീസ് (പഞ്ചാബ്), പാസ്റ്റർ ഒ.ഇ. വർഗീസ് (തമിഴ്നാട്), പാസ്റ്റർ പി.എം. ഫിലിപ്പ് (കാശ്മീർ) ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
പാസ്റ്റർ വിജയ് കുമാർ (ഉത്തർപ്രദേശ്), പാസ്റ്റർ ജോസ് തോമസ് (മധ്യപ്രദേശ്), പാസ്റ്റർ പൗലച്ചൻ (കർണാടക), പാസ്റ്റർ ആരോൺ യേശുദാസൻ (ഉത്തർപ്രദേശ്), സിസ്റ്റർ സരോജം പൗലോസ് (തമിഴ്നാട്), മിസിസ് മേരി മാത്യു (രാജസ്ഥാൻ) എന്നിവരും സംഗമത്തിൽ പങ്കെടുക്കും.
Hallelujah TVയുടെ സഹകരണത്തോടെ പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.



