Articles
” വെന്തുരുകാനല്ല വെന്തു തെളിയാനാണ് “

ഡെന്നി ജോൺ,
9744325604.
വീട്ടിൽ കിടന്ന പഴയ ഒരു വാക്കത്തി അമ്മയുടെ കയ്യിൽ കിട്ടി. അത് കാച്ചിച്ചുക്കൊണ്ടുവരാൻ പറഞ്ഞു എന്റെ കയ്യിൽത്തന്നു. കാലപ്പഴക്കത്താൽ യാതൊരു രൂപവുമില്ലാതിരുന്ന അതുകൊണ്ട് ഇനി ഒരു പ്രയോജനവും ഇല്ല എന്ന് ഞാൻ പറഞ്ഞു. അത് കാച്ചിക്കൊണ്ടുവരാൻ എനിക്ക് മടി തോന്നി.അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അതുകൊണ്ട് ഞാൻ കൊല്ലന്റെ ആലയിലേക്ക് പോയി. അദ്ദേഹം അത് വാങ്ങി സൂക്ഷ്മമായി നോക്കി.എന്തായാലും ഉടൻ തന്നെ പണി ആരംഭിച്ചു. കൗതുകത്തോടെ ഞാൻ നോക്കി നിന്നു.
കൂട്ടിയിട്ടിരുന്ന തീക്കനലുകളിലേക്ക് ആ കത്തിയെടുത്ത് വെച്ചു. ഒരു കൈപ്പിടി ഉപയോഗിച്ച് ഒരു ചക്രം കറക്കാൻ തുടങ്ങി. അതിൽ നിന്നും ശക്തിയായ അടിച്ച കാറ്റ് തീക്കട്ടകളെ തെളിയിക്കാൻ തുടങ്ങി. ഒപ്പംതന്നെ അതിലേക്ക് വെച്ച വാക്കത്തിയും. നിമിഷങ്ങൾകൊണ്ട് ആ വാക്കത്തിക്കും തീനിറം.
അദ്ദേഹം അവിടെ നിന്നും ഒരു കൊടിൽ ഉപയോഗിച്ച് അതിനെ എടുത്തു ഒരു ഇരുമ്പിലേക്ക് വെച്ചു. തീനിറം മാറും മുമ്പേ ചുറ്റിക കൊണ്ട് അതിശക്തമായി അടിക്കാൻ തുടങ്ങി.പാവം ആ വാക്കത്തിയുടെ അവസ്ഥ ഞാനോർത്തു. പിന്നീട് നേരെ വെള്ളത്തിലേക്ക് മുക്കി. ച്ശ്‌ശ്.......എന്നൊരു ശബ്ദം. പതം വരാത്തതു കൊണ്ടാണെന്നു തോന്നുന്നു വീണ്ടും ഒരിക്കൽ കൂടി അതേ അവസ്ഥ തന്നെ. കുറച്ചു കഴിഞ്ഞു നോക്കിയപ്പോൾ അതിന്റെ രൂപമൊക്കെ മാറിയിരിക്കുന്നു.
പണി കഴിഞ്ഞെങ്കിൽ തന്നേക്കൂ എന്നു ഞാൻ പറഞ്ഞു. ചില കാര്യങ്ങൾ കൂടി ചെയ്യാനുണ്ട് എന്നദ്ദേഹം പറഞ്ഞു. ഉടൻ തന്നെ ഒരു സ്വിച്ച് ഇട്ടതും ഒരു യന്ത്രത്തിൽ പിടിപ്പിച്ചിരുന്ന പരുപരുത്ത ചക്രം ശക്തമായി കറങ്ങാൻ തുടങ്ങി. കറങ്ങുന്ന ചക്രത്തിലേക്ക് പതിയെ ആ വാക്കത്തി ചേർത്തുപിടിച്ചു. തീപ്പൊരി ചിതറാൻ തുടങ്ങി. ഇതു കണ്ടുകൊണ്ടിരുന്ന എന്റെ കണ്ണിലൂടെ പൊന്നീച്ച പാറുന്നതുപോലെ തോന്നി. ഞാൻ പതിയെ എഴുന്നേറ്റു കുറച്ചു സമയം കഴിഞ്ഞ് വരാം എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി. ഒരു ചായ കുടി കഴിഞ്ഞു വന്നപ്പോഴേക്കും അതിന്റെ പണി പൂർത്തിയായി കഴിഞ്ഞിരുന്നു.
പൊതിഞ്ഞു വെച്ചിരുന്ന ആയുധം ഒന്നെടുത്തു നോക്കി. അതിന്റെ വായ്ത്തല വെട്ടിത്തിളങ്ങുന്നു. പതിയെ കൈവിരൽകൊണ്ട് തൊട്ടുനോക്കി. എന്തൊരു മൂർച്ച ! വളരെ ശ്രദ്ധയോടെ പൊതിഞ്ഞെടുത്തു. അതിന്റെ പണിക്കൂലിയും കൊടുത്ത് ഞാൻ വീട്ടിലേക്ക് മടങ്ങി.
വീട്ടിൽ കൊണ്ടുവന്ന് അമ്മയുടെ കയ്യിൽ കൊടുത്തു. ഒന്ന് നോക്കിയതിനുശേഷം അമ്മ പറഞ്ഞു കൊള്ളാം നന്നായിട്ടുണ്ട്. അതിന്റെ ചൂടാറും മുൻപ് തന്നെ പൊടിച്ചു വെച്ചിരുന്ന വെള്ളാരം കല്ലിന്റെ പരുപരുത്ത പൊടി ഒരു പരന്ന പട്ടിക കഷണത്തിൽ ഇട്ടു.മൂന്നാല് തവണ അതിനെ തലങ്ങും വിലങ്ങും തേച്ചു. അപ്പോഴേക്കും കൈക്ക് ഇണങ്ങിയ ഒരു പണിയായുധമായി അത് മാറിക്കഴിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് എല്ലാ ദിവസവും പറമ്പിലെ പണി കാര്യങ്ങൾക്ക് ആ ആയുധം എപ്പോഴും എടുത്തു ഉപയോഗിക്കുന്നത് എനിക്ക് കാണാമായിരുന്നു.
പ്രിയ സുഹൃത്തേ ചിലസമയങ്ങളിൽ നമ്മുടെ ജീവിതവും സമാനമായ അവസ്ഥയിലൂടെ കടന്നു പോയിട്ടില്ലേ ? ഒറ്റപ്പെട്ട് ആർക്കും വേണ്ടാതെ ഒരിടത്ത് കിടന്നിരുന്ന ഒരവസ്ഥ ഉണ്ടായിരുന്നില്ലേ ?കണ്ടവർ പോലും ഇനി ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ് മാറ്റി നിർത്തിയ അനുഭവം മറക്കാനാകുമോ? പിന്നെ അസാധാരണമായ തീച്ചൂളയിലൂടെ കടന്ന് നീറിപ്പുകഞ്ഞ അനുഭവം.ജീവിതത്തിൽ ചെയ്യാത്ത തെറ്റിന് ഏൽക്കേണ്ടിവന്ന അതികഠിനമായ പ്രഹരങ്ങൾ,അതിന്റെ വേദനകൾ. നിലയില്ലാഞ്ഞ കയത്തിൽ മുങ്ങിത്താഴ്ന്ന മറ്റൊരനുഭവം.ജീവിതത്തിലെ പരുപരുത്ത സാഹചര്യങ്ങൾ. വന്നപ്പോൾ എല്ലാം ഒരുമിച്ച് വന്നല്ലോ എന്നോർത്ത് സങ്കടപ്പെട്ടിരുന്ന നിമിഷങ്ങൾ. സാരമില്ലെന്നേ ചില കാര്യങ്ങൾ അങ്ങനെയാണ്. ഒരുമിച്ച് വന്നാലേ ശരിയാവൂ ! ഇതെല്ലാം നമ്മുടെ നന്മക്ക് വേണ്ടിയാണ് ! ഈ വേദനാജനകമായ അനുഭവങ്ങൾ നമ്മെ നശിപ്പിക്കുവാനല്ല മറിച്ച് നമ്മെ രൂപപ്പെടുത്താൻ വേണ്ടിയാണ് എന്ന് തിരിച്ചറിയുക. ജീവിതത്തിന്റെ ഏതവസ്ഥയിലും നമ്മെ പുതുക്കിപ്പണിയാൻ കഴിയുന്ന സർവ്വശക്തനായ ദൈവത്തിന്റെ കരങ്ങളിൽ നമ്മെത്തന്നെ സമർപ്പിക്കുക. പിറുപിറുപ്പില്ലാതെ സഹിക്കാൻ തയ്യാറാവുക. പുച്ഛിച്ചു മാറ്റിനിർത്തിയവർക്ക് മുന്നിൽ എപ്പോഴും ഉപയോഗിക്കപ്പെടുന്ന, മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന ഏറ്റവും ശ്രേഷ്ഠമായ ഒരു വ്യക്തിത്വമായി താങ്കൾ മാറുക തന്നെ ചെയ്യും.
