മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നു ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്.

ന്യൂഡൽഹി: മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്നു ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മദർ തെരേസയുടെ ഇന്ത്യയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര മന്ത്രാലയം മരവിപ്പിച്ചുവെന്ന് കേട്ടത് ഞെട്ടല്‍ ഉളവാക്കിയെന്ന് ഇന്ന് ഉച്ചതിരിഞ്ഞ് ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശത്തില്‍ മമത ബാനര്‍ജി പറഞ്ഞു. മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തെ ആശ്രയിച്ച് കഴിയുന്ന 22,000 രോഗികളും ജീവനക്കാരുമാണ് ഇതേ തുടര്‍ന്നു കഷ്ട്ടതയിലായിരിക്കുന്നതെന്നും നീതി നടപ്പാക്കേണ്ടത് അത്യാവശ്യമാണെങ്കിലും മനുഷ്യാവകാശ പ്രവർത്തനങ്ങളില്‍ ഇത് പാടില്ലായിരിന്നുവെന്നും മമത ട്വീറ്റ് ചെയ്തു.
മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ കീഴില്‍ കഴിയുന്ന ആയിരകണക്കിന് രോഗികള്‍ക്കും നിരാലംബര്‍ക്കും വേണ്ടിയുള്ള ദൈനംദിന ചെലവുകള്‍ക്ക് നിലവില്‍ അക്കൌണ്ടില്‍ പണം സ്വീകരിക്കാനോ ഉള്ള തുക ഉപയോഗിക്കുവാനോ കഴിയാത്ത വിധം മരവിപ്പിച്ചിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി രണ്ടു വിഭാഗങ്ങളാണ് ഉള്ളത്. കേന്ദ്ര നടപടിയെ തുടര്‍ന്നു സിസ്റ്റേഴ്സിന്റെയും ബ്രദേഴ്സിന്‍റെയും സന്നദ്ധ സേവനം ഇതോടെ തടസ്സപ്പെട്ടിരിക്കുകയാണ്. കൽക്കട്ട അതിരൂപതയുടെ വികാരി ജനറലായ ഫാ. ഡൊമിനിക് ഗോമസ് കേന്ദ്ര നടപടിയെ അപലപിച്ചു. ക്രിസ്ത്യൻ സമൂഹത്തിന് നേരെയുള്ള അതിക്രൂരമായ ആക്രമണമാണ് ഇതെന്നു അദ്ദേഹം പറഞ്ഞു.
മിഷ്ണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്‌സും ബ്രദേഴ്‌സും കുഷ്ഠരോഗികളുടെയും സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും സുഹൃത്തുക്കളാണെന്നും നിലവിലെ നടപടി ക്രിസ്ത്യൻ സമൂഹത്തിനു എതിരെയുള്ള ഏറ്റവും പുതിയ ആക്രമണമാണെന്നും രാജ്യത്തെ ദരിദ്രരിൽ ദരിദ്രരായ ആളുകൾക്ക് നേരെയുള്ള ക്രൂരമായ ആക്രമണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ കേന്ദ്ര സർക്കാരോ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല. ഇതിന് മുന്‍പും മിഷ്ണറീസ് ഓഫ് ചാരിറ്റിയെ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നിരവധി തവണ ശത്രുതാപരമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
