ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത സംഭവം ഞെട്ടിക്കുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം. ന്യൂഡല്‍ഹിയിലെ അന്ദേരിയ മോഡലിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത സംഭവം ഞെട്ടലുളവാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പള്ളി പൂര്‍ണ്ണമായും ഇടിച്ചു നിരത്തിയെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഈ കാര്യത്തില്‍ കേരളത്തിന് എന്തു ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കും. പള്ളിയുമായി ബന്ധപ്പെട്ടവര്‍ക്ക് ഇതു സംബന്ധിച്ച ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഛത്തര്‍പൂര്‍ ഗ്രാമസഭയുടെ കൈവശമുണ്ടായിരുന്ന സ്ഥലത്ത് അനധികൃതമായി നിര്‍മ്മിച്ചതെന്ന് ആരോപിച്ച് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരമാണ് ദേവാലയം പൊളിച്ചുമാറ്റിയത്. ഈ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി പള്ളി പ്രതിനിധികള്‍ പിണറായി വിജയനെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം വിശ്വാസികള്‍ മെഴുകുതിരികള്‍ തെളിയിച്ച് പ്രതിഷേധിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.
